✍
എന്നെ ചൂഴ്ന്നു ഘനീഭവിച്ചു നിൽക്കുന്ന
അസ്പൃശ്യമായ മൗനത്തെയെന്തിനു കൃഷ്ണാ
നിന്റെ കുഴൽപ്പാട്ടുകൊണ്ട് നീ ഭഞ്ജിക്കുന്നു?
എന്റെയുള്ളിൽ സംവത്സരങ്ങളായി
തളംകെട്ടിനിൽക്കുന്ന തെളിനീർ തടാകത്തിലന്തിന് നീ
മയിൽ പീലി കൊണ്ട് ചിത്രമെഴുതുന്നു?
അസ്പർശിതമായ എന്റെ കൈത്തണ്ടയിൽ ഒരു ഓടക്കുഴലിൽ എന്നപോലെ
നിന്റെ വിരലുകൾകൊണ്ട്
ഇക്കിളിപ്പെടുത്തുമ്പോൾ മാത്രമാണ്
എന്റെ മൗനത്തിന്റെ ആഴവും പരപ്പും
ഞാനറിയുന്നത്
പൂക്കൾ മഞ്ഞ് പോലെ പെയ്യുന്ന
ഈ വെള്ളമന്ദാരച്ചുവട്ടിൽ
മൗനം നുണഞ്ഞ്
ഞാനിരിക്കുമ്പോഴും
എനിക്കു മിണ്ടുവാനും
മാറോടണയ്ക്കുവാനും
ഈ മയിൽപീലിയുടെ
മുഗ്ധമായ മൗനം മാത്രമെന്ന്
ഇന്നു ഞാനറിയുന്നു.
Rithula Rajeev